National
ലക്നോ: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ ഹോട്ടലിൽ തീപിടിത്തമുണ്ടായി. വിവരമറിഞ്ഞ ഉടൻ തന്നെ അഗ്നിശമനസേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയിരുന്നു. മൂന്ന് മണിക്കൂർ നീണ്ട പരിശ്രമിത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ഹോട്ടലിനുള്ളിൽ കുടുങ്ങിക്കിടന്ന 12 പേരെ പോലീസും അഗ്നിശമനസേനയും ചേർന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തി. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
National
ലക്നോ: ഉത്തർപ്രദേശിൽ ബുധനാഴ്ചയുണ്ടായ കനത്ത മഴയിലും കാറ്റിലും മിന്നലിലും മരിച്ചവരുടെ എണ്ണം 117 ആയി. 200ലധികം പേർക്ക് പരിക്കേറ്റു. പ്രയാഗ് രാജിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 21 പേരാണ് ഇവിടെ മാത്രം മരിച്ചത്. 227 വീടുകൾ മഴക്കെടുതിയിൽ നശിച്ചു. ഇവയിൽ പലതും പൂർണമായി തകർന്നു.
പ്രയാഗ്രാജ്, ഭാദോഹി, ഫത്തേപൂർ, സോൻഭദ്ര തുടങ്ങിയ ജില്ലകളെയാണ് മഴ ഏറ്റവുമധികം ബാധിച്ചത്. വിവിധ ഇടങ്ങളിൽ മരങ്ങൾ കടപുഴകി വീഴുകയും റോഡുകൾ തകരുകയും വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു.
ദുരന്തത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നാല് ലക്ഷം രൂപ അടിയന്തര ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.
National
ലക്നോ: ഉത്തർപ്രദേശിൽ കനത്ത മഴയിലും അതിശക്തമായ കാറ്റിലും ഇടിമിന്നലേറ്റും 111 പേർ മരിച്ചു. 72 പേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി. വീടിന്റെ മേൽകൂരകൾ പറന്നുപോവുകയും റോഡുകൾ തകരുകയും ചെയ്തു. മേയ് 13 ന് 89 പേർ കൊല്ലപ്പെടുകയും 72 പേർക്ക് പരിക്കേൽക്കുകയും 200 ലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തുവെന്ന് റിലീഫ് കമ്മീഷണറുടെ ഓഫീസ് ആദ്യം അറിയിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ മരണസംഖ്യ വീണ്ടും ഉയരുകയായിരുന്നു.
ഏകദേശം 12 ജില്ലകളിലാണ് മരണങ്ങൾ രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് പ്രയാഗ്രാജിന് ചുറ്റുമുള്ള പ്രദേശത്താണ്. ദുരന്തബാധിതരെ സഹായിക്കാനും 24 മണിക്കൂറിനുള്ളിൽ ഇവർക്ക് സാമ്പത്തിക സഹായം കൈമാറാനും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അധികൃതരോട് നിർദേശിച്ചിട്ടുണ്ട്.
മൺസൂൺ മഴ എത്തുന്നതിന് മുമ്പുള്ള മാർച്ച് മുതൽ ജൂൺ വരെയുള്ള ഉഷ്ണകാലത്ത് വടക്കൻ സംസ്ഥാനത്ത് കൊടുങ്കാറ്റുകൾ സാധാരണമാണ്.
National
ലക്നോ: ഉത്തർപ്രദേശിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയെ തുടർന്ന് മരിച്ചവരുടെ എണ്ണം 33 ആയി. ഭദോഹി, ഫത്തേപൂർ, ബുദൗൻ ജില്ലകൾ ഉൾപ്പെടെയാണ് വ്യാപകമായ നാശനഷ്ടം ഉണ്ടായത്. ഭദോഹിയിൽ 16 പേരും ഫത്തേപൂരിൽ ഒമ്പത് പേരും ബുദൗനില് അഞ്ച് പേരും ചന്ദൗലിയിൽ രണ്ട് പേരും സോൺഭദ്രയി ഒരാളും മരിച്ചു.
ദുരിതമനുഭവിക്കുന്നവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ 24 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കാനും അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദേശിച്ചു.
ശക്തമായ മഴയിൽ വൈദ്യുത തൂണുകളും വീടുകളും മറ്റ് കെട്ടിടങ്ങളും തകർന്നിട്ടുണ്ട്. മൊബൈൽ നെറ്റ്വർക്ക് തകരാറിലായതിനാൽ രക്ഷാപ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ട് നേരിട്ടു. നിലവില് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. നഷ്ടപ്പെട്ട ജീവനുകൾ, കന്നുകാലികൾ, സ്വത്തുക്കൾ എന്നിവയുടെ കണക്കെടുത്ത് ഉടൻ നഷ്ടപരിഹാരം നൽകാൻ നിർദേശം നൽകിയിട്ടുണ്ട്.
National
ലക്നോ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഫ്ലാറ്റിൽ തീപിടിച്ചു. കെട്ടടത്തിന്റെ ഒന്പതാം നിലയിലാണ് ആദ്യം തീപിടിത്തം ഉണ്ടായത്. കെട്ടിട സമുച്ചയത്തിൽ നിന്ന് പുക ഉയർന്നതോടെ ഫ്ലാറ്റിനുള്ളിൽ ഉണ്ടായിരുന്നവർ ഉടൻ തന്നെ ഒഴിഞ്ഞുപോയി.
പ്രാഥമിക കണക്കുകൾ പ്രകാരം ശക്തമായ കാറ്റിലും കാലവസ്ഥയിലും ആറോളം നിലകളിലേയ്ക്ക് തീ പടർന്നുപിടിക്കുകയും പൂർണമായി കത്തി നശിക്കുകയും ചെയ്തു. അഗ്നിശമ സേനാ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. സംഭവത്തിൽ ആർക്കും ഇതുവരെ പരിക്കുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല.
National
മിർസാപുർ: ഉത്തർപ്രദേശിലെ മിർസാപുരിൽ ട്രക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ 11 പേർ മരിച്ചു. നിയന്ത്രണം വിട്ട ട്രക്ക് സമീപത്തുള്ള വാഹനങ്ങളില് ഇടിച്ചാണ് അപകടമുണ്ടായത്. ട്രക്ക് ഡ്രൈവറുടെ നില അതീവ ഗുരുതരമാണ്.
ബുധനാഴ്ച രാത്രിയാണ് സംഭവം. നിയന്ത്രണം വിട്ട ട്രക്ക് ആദ്യം ഒരു കാറില് ഇടിച്ചു. ഈ കാർ തൊട്ടുമുൻപിലുണ്ടായിരുന്ന മറ്റൊരു വാഹനത്തിലും ഇടിച്ചു. പിന്നാലെ തീപിടിത്തമുണ്ടായി.
മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതിനായി അന്വേഷണം തുടങ്ങിയെന്ന് പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ വ്യക്തത വേണമെന്നും ട്രക്ക് നിയന്ത്രണം വിടാനുള്ള കാരണം എന്താണെന്നതിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.
National
ലക്നോ: റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് സ്ഫോടനങ്ങൾ നടത്താനും രാഷ്ട്രീയ നേതാക്കളെ വധിക്കാനും പദ്ധതിയിട്ട യുവാക്കളെ യുപി ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു. മീററ്റ് സ്വദേശി സാഖിബ് (ഡെവിൾ), അറബാബ്, വികാസ്, ലോകേഷ് എന്നിവരാണ് പിടിയിലായത്.
പിടിയിലായവർക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് അധികൃതർ പറഞ്ഞു. ലക്നോ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെ റെയിൽവേ സ്റ്റേഷനുകൾ, സിഗ്നൽ സംവിധാനങ്ങൾ, ഗ്യാസ് സിലിണ്ടർ കൊണ്ടുപോകുന്ന ട്രക്കുകൾ എന്നിവ തകർത്ത് രാജ്യത്ത് ഭീതി പടർത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം.
ചില പ്രമുഖ രാഷ്ട്രീയ നേതാക്കളെയും ഇവർ നിരീക്ഷിച്ചു വരികയായിരുന്നു. പാക്കിസ്ഥാനിലെ ഐഎസ്ഐ ഹാൻഡ്ലർമാരുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് ഇവർ പ്രവർത്തിച്ചിരുന്നതെന്ന് എടിഎസ് അറിയിച്ചു. സോഷ്യൽ മീഡിയ വഴിയും എൻക്രിപ്റ്റഡ് ആപ്പുകൾ വഴിയുമാണ് ഇവർ പാക് ബന്ധം നിലനിർത്തിയിരുന്നത്.
National
ലക്നോ: ഉത്തർപ്രദേശിൽ ഐഎസ് ബന്ധം ആരോപിച്ച് ബിഡിഎസ് വിദ്യാർഥിയെ ഭീകരവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തു. സഹാറൻപുർ സ്വദേശി ഹാരിഷ് അലിയാണ്(19) കഴിഞ്ഞദിവസം മൊറാദാബാദിൽ അറസ്റ്റിലായത്.
ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഐഎസിന്റെ ഓൺലൈൻ ശൃംഖലകളെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് രണ്ടാം വർഷ വിദ്യാർഥി ഹാരിഷ് പിടിയിലാകുന്നത്. ഇൻസ്റ്റഗ്രാം പോലുള്ള സമൂഹമാധ്യമങ്ങൾ വഴിയും സെഷൻ, ഡിസ്കോർഡ് തുടങ്ങിയ എൻക്രിപ്റ്റഡ് ആപ്പുകൾ വഴിയും ഇയാൾ ഐഎസ് അനുഭാവികളുമായി സമ്പർക്കം പുലർത്തിയിരുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ഐഎസ് ആശയങ്ങൾ പ്രചരിപ്പിക്കാനും ആളുകളെ റിക്രൂട്ട് ചെയ്യാനുമായി ഉത്തർപ്രദേശടക്കം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ചിലർ ഓൺലൈൻ ഗ്രൂപ്പുകൾ സൃഷ്ടിച്ചതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു.
ഭീകരവാദ സാഹിത്യങ്ങളും സംഘടനയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിർദേശങ്ങളും പങ്കുവയ്ക്കാൻ ഈ ഗ്രൂപ്പുകൾ ഉപയോഗിച്ചിരുന്നതായാണ് അന്വേഷണ സംഘം പറയുന്നത്.
വ്യാജപേരിലും വിപിഎൻ ഉപയോഗിച്ചും ഒന്നിലധികം ഗ്രൂപ്പുകൾ സൃഷ്ടിച്ച് സമാന ചിന്താഗതിക്കാരെ റിക്രൂട്ട് ചെയ്യാൻ ഇയാൾ ശ്രമിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.
കൂടാതെ, അൽ ഇത്തിഹാദ് മീഡിയ ഫൗണ്ടേഷൻ എന്ന മറ്റൊരു ഗ്രൂപ്പ് ഉണ്ടാക്കി ഇന്ത്യയിലും വിദേശത്തുമുള്ള ഐഎസ് നെറ്റ്വർക്കുകളുമായി ഇയാൾ ബന്ധം സ്ഥാപിച്ചിരുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു.
District News
പയ്യന്നൂർ: പയ്യന്നൂരിന് സമീപത്തെ വിദ്യാലയത്തിലെ ഉത്തര്പ്രദേശുകാരിയായ അധ്യാപികയെ തൂങ്ങി മരിച്ച നിലയില് കണ്ടെത്തി.
ഉത്തര്പ്രദേശ് മുസാഫാര് നഗറിലെ ലോകേഷ് കുമാറിന്റെ മകള് സുരഭി പാലി (29) നെയാണ് മരിച്ച നിലയില് കണ്ടെത്തിയത്.
ചൊവ്വാഴ്ച രാത്രി ഒന്പതോടെ അധ്യാപിക താമസിക്കുന്ന എടാട്ടുള്ള ക്വാര്ട്ടേഴ്സിലെ ബെഡ്റൂമിന് തൊട്ടടുത്ത മുറിയില് ഫാനില് കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
National
ന്യൂഡൽഹി: സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തര ലാൻഡിംഗ് നടത്തി. ലക്നോവിലെ ലാ മാർട്ട് ഗ്രൗണ്ടിൽ നിന്ന് കൗശാംബിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം.
സാങ്കേതിക തകരാർ മൂലം ലക്നോ വിമാനത്താവളത്തിലാണ് ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കിയത്. പറക്കുന്നതിനിടെ ഹെലികോപ്റ്ററിൽ നിന്നും പുകയുയർന്നതോടെയാണ് അടിയന്തര ലാന്ഡിംഗ് നടത്തിയതെന്നാണ് വിവരം.
ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ഹെലികോപ്റ്ററിലുണ്ടായിരുന്ന മറ്റുള്ളവരും സുരക്ഷിതരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.
National
ലഖിംപുർ ഖേരി: പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പെട്രോൾ പന്പുകളിലും എൽപിജി സെന്ററുകളിലും ഇന്നലെ അനുഭവപ്പെട്ടത് നീണ്ട ക്യൂ.
ലഖിംപുർ ഖേരി, ബാരാബാങ്കി ജില്ലകളിൽ പെട്രോളിയം ഉത്പന്നങ്ങൾ കിട്ടാനില്ലെന്ന സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണങ്ങളിൽ കുരുങ്ങിയാണ് പലരും മൂന്നുദിവസമായി നിരത്തിലിറങ്ങുന്നത്.
എന്നാൽ, ഇന്ധനക്ഷാമമുണ്ടെന്നത് വ്യാജപ്രചാരണം മാത്രമാണെന്നും ആവശ്യത്തിലധികം സ്റ്റോക്കുണ്ടെന്നും ജില്ലാ സപ്ലൈ ഓഫീസർ അഞ്ജനി കുമാർ സിംഗ് പറഞ്ഞു.
വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരേ കർശന നടപടിയുണ്ടാകുമെന്ന് ജില്ലാ മജിസ്ട്രേറ്റ് ദുർഗശക്തി നാഗ്പാൽ പറഞ്ഞു.
പെട്രോൾ പന്പുകളിൽ അനിയന്ത്രിതമായ തിരക്കനുഭവപ്പെടുന്നുണ്ടെന്നും ഇതു നിയന്ത്രിക്കപ്പെടണമെന്നും പെട്രോൾ പന്പ് ഉടമകൾ ആവശ്യപ്പെട്ടു.
National
ഗാസിയാബാദ്: ഉത്തർപ്രദേശിൽ അടുത്തിടെ മതംമാറിയ യുട്യൂബർക്കു നേരേ ആക്രമണം.
ഒരു പ്രത്യേക മതത്തിനെതിരേ നിരന്തരം വീഡിയോ തയാറാക്കിയതിനു വിമർശനങ്ങൾ നേരിടേണ്ടിവന്ന സലിം വാസ്തിക് എന്ന സലിം അഹമ്മദിനെ ലോണിലെ അലിഗാർഡനിലുള്ള അദ്ദേഹത്തിന്റെ ഓഫീസിലെത്തിയ സംഘം കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ സലിം വാസ്തിക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് കേസെടുത്തു.
National
ലക്നോ: ഉത്തർപ്രദേശിലെ ഫത്തേപൂരിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ബിന്ദ്കി സ്വദേശികളായ അമർജീത് കുശ്വാഹ (30), ഭാര്യ രേഖ സോങ്കർ (25) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇരുവരെയും ജീവനൊടുക്കിയതാണെന്നാണ് സൂചന. വ്യാഴാഴ്ച പുലർചെയാണ് അമർജീതിനെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് രേഖ പോലീസിൽ വിവരമറിയിച്ചു.
എന്നാൽ വീട്ടിലെത്തിയ പോലീസ് ഇരുവരുടെയും മൃതദേഹമാണ് കണ്ടെത്തിയത്.
ശുചിമുറിയുടെ വാതിൽ തകർത്ത് അകത്തുകയറി അമർജീതിന്റെ മൃതദേഹം താഴെയിറക്കിയ പോലീസ്, മറ്റൊരു മുറിയിൽ രേഖയെയും തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ട് മൃതദേഹങ്ങളും പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്.അഞ്ച് മാസം മുന്പാണ് ഇവർ പ്രണയിച്ച് വിവാഹം കഴിച്ചത്. മിശ്രവിവാഹമായതിനാൽ രണ്ട് കുടുംബങ്ങളും എതിർത്തിരുന്നു.
വിവാഹത്തിന് ശേഷം രണ്ട് കുടുംബങ്ങളും ഇരുവരുമായുള്ള ബന്ധം പുർണമായും ഉപേക്ഷിച്ചിരുന്നു. കാൺപൂരിൽ താമസിച്ച ഇവർ ജനുവരി മുതലാണ് ബിന്ദ്കിയിലെ വാടകവീട്ടിലേക്ക് താമസം മാറിയത്.
കുടുംബാംഗങ്ങളുടെയും അയൽക്കാരുടെയും മൊഴികൾ രേഖപ്പെടുത്തി വരികയാണെന്നും അന്വേഷണത്തിന് ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.
National
മഥുര: ഇന്ത്യയിലെ ആദ്യ പശു കൾച്ചർ മ്യൂസിയം മഥുരയിൽ നിർമിക്കുന്നു.
ഉത്തർപ്രദേശ് ബ്രജ് തീർഥ് വികാസ് പരിഷദിന്റെ നേതൃത്വത്തിൽ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ വെറ്ററിനറി സയൻസ് യൂണിവേഴ്സിറ്റി കാന്പസിലാണ് മ്യൂസിയം നിർമിക്കുക.
പശുക്കളുടെ മതപരവും സംസ്കാരികവും ആത്മീയവുമായ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുകയാണ് ലക്ഷ്യമെന്നും മ്യൂസിയത്തിനായി ഭൂമി അനുവദിച്ചിട്ടുണ്ടെന്നും പരിഷദ് ഉപാധ്യക്ഷൻ ശൈലജാകാന്ത് മിശ്ര പറഞ്ഞു.
പാൽ ഉത്പന്നങ്ങളുടെ വിപണനത്തിനായി ഡെയറി പാർലർ സ്ഥാപിക്കുമെന്നും ശൈലജാകാന്ത് മിശ്ര പറഞ്ഞു.
National
ലക്നോ: ഹിന്ദുത്വ ദേശീയതയിൽ ഊന്നി ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ പിടിച്ചുകയറിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഹിന്ദുത്വ വിഷയങ്ങൾത്തന്നെ പ്രതിസന്ധിയാകുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉത്തരേന്ത്യയിലെ പ്രമുഖ ഹിന്ദു സന്യാസിശ്രേഷ്ഠനായ ഉത്തരാഖണ്ഡിലെ ജ്യോതിർമഠം ശങ്കരാചാര്യർ അവിമുക്തേശ്വരാനന്ദ് സരസ്വതിയും തമ്മിൽ കൊന്പുകോർത്തതാണ് യുപി രാഷ്ട്രീയം കലങ്ങുന്ന സ്ഥിതിയിലേക്ക് എത്തിച്ചിരിക്കുന്നത്.
സംസ്ഥാനത്തുനിന്നുള്ള മാംസ കയറ്റുമതി നിരോധിച്ച് യഥാർഥ ഹിന്ദുവാണെന്നു തെളിയിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വെല്ലുവിളിച്ചിരിക്കുകയാണ് ശങ്കരാചാര്യർ, ഇതിന് 40 ദിവസത്തെ സമയപരിധിയും പ്രഖ്യാപിച്ചിട്ടുണ്ട്. യോഗിയെ മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിമർശിക്കാൻ ശങ്കരാചാര്യർ മടിക്കുന്നില്ല. ഇതോടെ ആർക്കൊപ്പം നിൽക്കണമെന്ന ആശയക്കുഴപ്പത്തിലാണ് പലരും.
40 ശതമാനം ബീഫ്
“കാവിവസ്ത്രം ധരിച്ചു പ്രസംഗിച്ചതുകൊണ്ടു മാത്രം ഒരാൾ ഹിന്ദുവാകില്ല. ഹിന്ദുമതത്തിലെ ആദ്യപടി ‘ഗോ സേവ’ (പശുക്കളെ സേവിക്കൽ) ‘ധർമ രക്ഷ’ (മത സംരക്ഷണം) എന്നിവയാണ്”- അവിമുക്തേശ്വരാനന്ദ് വാരാണസിയിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. “ഇന്ത്യയുടെ മൊത്തം ബീഫ് കയറ്റുമതിയിൽ 40 ശതമാനം യുപിയിൽനിന്നാണ്. ഗോമാംസം കയറ്റുമതി ചെയ്യുന്നതിലൂടെ ലഭിക്കുന്ന വിദേശനാണ്യത്തിലൂടെ രാമരാജ്യം സ്ഥാപിക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുമോ? യുപിയിൽ ഗോമാംസ കയറ്റുമതി പൂർണമായും നിരോധിക്കണം. പശുവിനെ ‘രാജ്യമാതാവ്’ ആയി പ്രഖ്യാപിക്കണം. നിങ്ങൾക്ക് (ആദിത്യനാഥ്) അങ്ങനെ ചെയ്യാൻ 40 ദിവസത്തെ സമയമുണ്ട്. അങ്ങനെ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾ ഒരു വ്യാജ ഹിന്ദുവാണെന്ന് അനുമാനിക്കപ്പെടും’’ -ശങ്കരാചാര്യർ- പറഞ്ഞു.
പശുമാംസം തന്നെ!
കയറ്റുമതി ചെയ്യുന്ന മാംസത്തിൽ ‘പശുമാംസം’ അടങ്ങിയിട്ടുണ്ടെങ്കിലും അത് ‘പോത്തിറച്ചി’യുടെ കീഴിൽ വർഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഈ വിഷയം ചർച്ച ചെയ്യാൻ മാർച്ചിൽ ലക്നോയിൽ സന്യാസിമാരുടെ യോഗം വിളിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗോമാംസം കയറ്റുമതി നിരോധിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കാൻ സർക്കാർ പരാജയപ്പെട്ടാൽ ആദിത്യനാഥിനെ ഒരു വ്യാജഹിന്ദുവായി പ്രഖ്യാപിക്കാൻ തങ്ങൾ നിർബന്ധിതരാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രയാഗ്രാജിലെ മാഘമേളയ്ക്കിടെ സംഗമത്തിൽ പുണ്യസ്നാനം നടത്തുന്നതിൽനിന്നു തന്നെയും അനുയായികളെയും പോലീസ് തടഞ്ഞുവെന്നു ശങ്കരാചാര്യർ ആരോപിച്ചതോടെയാണു പ്രശ്നങ്ങൾ തുടങ്ങിയത്. എന്നാൽ, തിരക്കു കാരണം രഥയാത്ര തടയുക മാത്രമാണു ചെയ്തതെന്നും നടന്നുപോകാൻ ആവശ്യപ്പെട്ടെന്നുമാണ് അധികൃതരുടെ വിശദീകരണം. ഇതുതന്നെ അപമാനിക്കലാണെന്ന് ശങ്കരാചാര്യർ മറുപടി നൽകി.
വാക് പോര് രൂക്ഷം
ഇതിനുപിന്നാലെ, ശങ്കരാചാര്യരുടെ പേരു പറയാതെ യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവന തർക്കം രൂക്ഷമാക്കി. ഹനുമാനെ ചതിക്കാൻ സന്യാസിവേഷം കെട്ടിവരുന്ന രാക്ഷസനെപ്പോലെയുള്ളവരെ സൂക്ഷിക്കണമെന്നായിരുന്നു യോഗിയുടെ പരാമർശം. യോഗി ആദിത്യനാഥ് ഇപ്പോൾ രാഷ്ട്രീയക്കാരനാണെന്നും മതം സന്യാസിമാർക്കു വിട്ടുകൊടുക്കണമെന്നും ശങ്കരാചാര്യർ തിരിച്ചടിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, സംസ്ഥാനത്തിന്റെ വികസനം എന്നിവയെക്കുറിച്ചാണ് മുഖ്യമന്ത്രി സംസാരിക്കേണ്ടതെന്നും അല്ലാതെ മതത്തെക്കുറിച്ചല്ലെന്നും ശങ്കരാചാര്യർ പറഞ്ഞു.
രാജിവച്ചും പ്രതിഷേധം
അവിമുക്തേശ്വരാനന്ദ് സരസ്വതിയും തമ്മിലുള്ള തർക്കം മുറുകുന്നതിനിടെ മുഖ്യമന്ത്രിക്കു പിന്തുണ പ്രഖ്യാപിച്ച് അയോധ്യയിലെ ജിഎസ്ടി കമ്മീഷണറായ പ്രശാന്ത് കുമാർ സിംഗ് കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർക്കെതിരായ ശങ്കരാചാര്യരുടെ അധിക്ഷേപങ്ങൾ സഹിക്കാനാകില്ലെന്നു കുറ്റപ്പെടുത്തിയാണ് പ്രശാന്ത് കുമാർ സിംഗ് രാജിവച്ചത്. ഇതോടെ പ്രശ്നംകൂടുതൽ വഷളായിരിക്കുകയാണ്. രണ്ടു സന്യാസിമാർ തമ്മിലുള്ള തുറന്ന യുദ്ധം എവിടെയെത്തുമെന്ന ആകാംക്ഷയിലാണ് യുപിയിലെ രാഷ്ട്രീയവൃത്തങ്ങൾ.
National
ലക്നോ: യുപിയിലെ കുശിനഗറിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. തര്യ സുജൻ സ്വദേശിയായ അരുൺ ശർമ (22), വിഷുൻപുരയിലെ ദളിത് സമുദായത്തിൽ നിന്നുള്ള നേഹ (20) എന്നിവരാണ് മരിച്ചത്. നേഹയെ കഴുത്തറത്തു കൊലപ്പെടുത്തിയ ശേഷം അരുൺ ജീവനൊടുക്കുകയായിരുന്നു.
രണ്ടുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. വീട്ടുകാരുടെ എതിർപ്പുകളുണ്ടായിട്ടും 2025 നവംബറിൽ ക്ഷേത്രത്തിൽ വച്ച് ഇവർ വിവാഹം ചെയ്തു. പിന്നീട് അരുണിന്റെ കുടുംബം നേഹയെ സ്വീകരിച്ചു.
അയൽവാസികൾ പറയുന്നതനുസരിച്ച്, സംഭവദിവസം അരുണും നേഹയും തമ്മിൽ തർക്കമുണ്ടായിരുന്നു. അസ്വസ്ഥയായ നേഹ മുറിയിലേക്ക് പോവുകയും ചെയ്തു. ഇതേ തുടർന്ന് അരുൺ അരിവാളെടുത്ത് നേഹയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം.
സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ലെന്നും ഇരുവരും തമ്മിലുള്ള തർക്കത്തിന്റെ കാരണം വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണ്.
Kerala
സുൽത്താൻപുർ: ഉത്തർപ്രദേശിൽ വീണ്ടും ഏറ്റുമുട്ടൽ കൊല. പിടികിട്ടാപ്പുള്ളിയായ കുറ്റവാളിയെ പോലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ലഖിംപുർ ഖേരി സ്വദേശിയും 17 കേസുകളിൽ പ്രതിയുമായ തലിബ് എന്നപേരിലറിയപ്പെടുന്ന അസം ഖാൻ (26) ആണ് കൊല്ലപ്പെട്ടത്. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് പോലീസ് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
അസം ഖാന്റെ നേതൃത്വത്തിൽ ലംഭുവ മേഖലയിൽ പ്രതികൾ തന്പടിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് പോലീസ് ഭാഷ്യം.
പോലീനു നേരേ അസം ഖാനും കൂട്ടരും വെടിയുതിർക്കുമായിരുന്നെന്നും പ്രത്യാക്രമണത്തിൽ അസം ഖാന് വെടിയേറ്റതാണെന്നും ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും പോലീസ് പറയുന്നു. വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾക്ക് കുപ്രസിദ്ധമാണ് ഉത്തർപ്രദേശ് പോലീസ്.
National
കാൺപുർ: അനധികൃത മതപരിവർത്തനം ആരോപിച്ച് യുപിയിൽ പാസ്റ്ററെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തു. ഫത്തേപുരിലെ പള്ളിയിൽ പ്രാർഥനായോഗത്തിനിടെ പാസ്റ്റർ ഡേവിഡ് ഗ്ലാഡിയൻ (60) മകൻ അഭിഷേക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഹൈന്ദവ വിശ്വാസികളായ സ്ത്രീകളെ പണവും മറ്റും വാഗ്ദാനം ചെയ്ത് മതം മാറ്റുന്നതായി ആരോപിച്ച് ബജ്രംഗ് ദൾ പ്രവർത്തകർ നേരത്തേ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പാസ്റ്ററെയും മകനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ബജ്രംഗ് ദൾ പ്രവർത്തകർ പോലീസ് വാഹനം വളഞ്ഞത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. തുടർന്ന് ഇരുവരെയും പോലീസ് തുടർനടപടികൾക്കായി സ്റ്റേഷനിലേക്കു കൊണ്ടുപോയി.
നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ബജ്രംഗ് ദൾ പ്രവർത്തകർ മൂന്നു മണിക്കൂറോളം പള്ളിക്കു മുന്പിൽ പ്രതിഷേധിച്ചുവെന്ന് പോലീസ് പറഞ്ഞു. പ്രതിഷേധം നടക്കുന്പോൾ സ്ത്രീകൾ ഉൾപ്പെടെ 150ഓളം പേർ പള്ളിയിലുണ്ടായിരുന്നു.
National
മഥുര: വിവാഹാഘോഷത്തിലെ അനാവശ്യ ചെലവുകൾക്കു തടയിട്ട് പുതിയ തീരുമാനങ്ങളുമായി മുസ്ലിം സമുദായം. വിവാഹാഘോഷത്തിനു ഡിജെ പാർട്ടി വേണ്ടെന്നും നിർദേശം ലംഘിച്ച് ആഘോഷം അതിരുകടന്നാൽ 11,000 രൂപ പിഴ ചുമത്താനുമാണ് തീരുമാനിച്ചിരിക്കുന്നത്.
ഉത്തർപ്രദേശിലെ മഥുര ജില്ലയിൽ കോസിക്കലാനിൽ സംഘടിപ്പിച്ച മുസ്ലിം സൊസൈറ്റിയുടെ മഹാപഞ്ചായത്തിലാണ് അനാവശ്യ ആചാരങ്ങൾക്കെതിരേ ഏകകണ്ഠ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
ഹോട്ടലുകളിലോ ഗസ്റ്റ് ഹൗസുകളിലോ വിവാഹ ഹാളുകളിലോ മുസ്ലിം കുടുംബങ്ങൾ വിവാഹ ചടങ്ങ് സംഘടിപ്പിക്കാൻ പാടില്ല. പള്ളികളിൽ മാത്രമേ വിവാഹം നടത്താവൂ. അതേസമയം, വിവാഹത്തിനു ശേഷമുള്ള വിരുന്ന് ഹോട്ടലുകളിലോ മറ്റിടങ്ങളിലോ നടത്താം.
യുവതലമുറ തെറ്റായ ദിശയിലേക്കു പോകുന്നത് തടയുക, വിവാഹങ്ങളിലെ തർക്കങ്ങൾ ഇല്ലാതാക്കുക, സാമ്പത്തികഭാരം കുറയ്ക്കുക തുടങ്ങിയവയാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സമുദായ നേതൃത്വം പറഞ്ഞു.
National
ഷാജഹാൻപുർ: പ്രാർഥനായോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം നടത്തിയെന്നാരോപിച്ച് യുപിയിൽ സ്ത്രീയുൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രാർഥനയുടെ മറവിൽ പണം വാഗ്ദാനം ചെയ്തു മതപരിവർത്തനം നടക്കുന്നുവെന്നാണ് ന്യായീകരണമായി പോലീസ് പറയുന്നത്.
വിവേക് കുമാർ, വിപിൻ, മോനു എന്നിവർക്കൊപ്പം എയ്ഞ്ചൽ എന്ന സ്ത്രീയുമാണ് അറസ്റ്റി ലായത്.
National
ലക്നോ: ഉത്തർപ്രദേശിലെ മഥുരയിൽ യമുന എക്സ്പ്രസ് ഹൈവേയിൽ കനത്ത പുകമഞ്ഞിനിടെ വാഹനങ്ങൾ കൂട്ടിയിടിച്ചു. അപകടത്തിൽ നാല് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.
ബസ് അടക്കം ചില വാഹനങ്ങൾക്ക് തീപിടിച്ചു. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം തീ അണച്ചു. ഡൽഹി-ആഗ്ര എക്സ്പ്രസ് വേയിൽ കനത്ത പുകമഞ്ഞിൽ ദൃശ്യപരത കുറഞ്ഞതാണ് അപകട കാരണം. ഏഴ് ബസുകളും മൂന്ന് കാറുകളും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കൂട്ടിയിടിയെ തുടർന്ന് ചില വാഹനങ്ങൾക്ക് തീപിടിക്കുകയായിരുന്നു. ഉടൻ തന്നെ ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് (എസ്എസ്പി) ശ്ലോക് കുമാർ പറഞ്ഞു. നാല് പേർ സംഭവ സ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും എഎസ്പി പറഞ്ഞു.
പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ലെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരെ പോലീസ് വാഹനങ്ങളിൽ വീടുകളിലേക്ക് എത്തിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എഎസ്പി പറഞ്ഞു. തടസപ്പെട്ട ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമവും നടന്നുവരികയാണ്.
National
ന്യൂഡൽഹി: ഉത്തർപ്രദേശിലെ വൊക്കേഷനൽ പാഠ്യപദ്ധതിയിൽ മലയാളവും ഉൾപ്പെടുത്തി. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, മറാഠി, ബംഗാളി ഭാഷകളും ഉൾപ്പെടുത്തിയിട്ടുണ്ട്. വിദ്യാർഥികൾക്ക് ഇതിൽ ഇഷ്ടമുള്ള ഒരു ഭാഷ തെരഞ്ഞെടുക്കാം.
രാജ്യത്തെ വിവിധ മേഖലകളിലെ ഭാഷാപരമായ അന്തരം ഒഴിവാക്കുകയാണു ലക്ഷ്യമെന്നു വാരാണസിയിലെ കാശി തമിഴ് സംഗമത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
Kerala
ലക്നോ: ഉത്തർപ്രദേശിൽ വീണ്ടും ബൂത്ത് ലെവൽ ഓഫീസർ ജീവനൊടുക്കി. സർവേഷ് സിംഗ് (46) ആണ് വീട്ടിൽ ജീവനൊടുക്കിയത്.
ജോലി സമ്മർദം താങ്ങാനാകുന്നില്ലെന്നാണ് ആത്മഹത്യാ കുറിപ്പ്. മൊറാദാബാദിലാണ് സംഭവം. സ്കൂൾ അധ്യാപകനാണ് സർവേഷ് .
കഴിഞ്ഞ ദിവസങ്ങളിലും ജോലി സമ്മർദം താങ്ങാനാകാതെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ബിഎൽഒമാർ ജീവനൊടുക്കിയിരുന്നു.
National
ലക്നോ: ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ ഒരു വിവാഹ ചടങ്ങിനിടെ വേദി തകർന്ന് വീണ് നിരവധി ബിജെപി നേതാക്കൾക്ക് പരിക്കേറ്റു. നവദമ്പതികളെ അനുഗ്രഹിക്കാൻ നേതാക്കൾ വേദിയിൽ ഒരുമിച്ച് കയറിയപ്പോഴാണ് അപകടം സംഭവിച്ചത്.
സ്ഥലത്തെ പ്രധാന ബിജെപി പ്രവർത്തകനായ അഭിഷേക് സിംഗ് എഞ്ചിനീയറുടെ സഹോദരന്റെ വിവാഹ റിസപ്ഷൻ വേദിയിലാണ് അപകടമുണ്ടായത്. ബല്ലിയ ജില്ലാ ബിജെപി അധ്യക്ഷൻ സഞ്ജയ് മിശ്ര, മുൻ എംപി ഭരത് സിംഗ് എന്നിവരുൾപ്പെടെ നിരവധി പാർട്ടി നേതാക്കൾ വേദിയിലുണ്ടായിരുന്നപ്പോഴാണ് സംഭവം.
നേതാക്കൾ നവദമ്പതികൾക്ക് അനുഗ്രഹം നൽകുന്നതിനിടെ പെട്ടെന്നാണ് സ്റ്റേജ് തകർന്നുവീണത്. മുകളിലുണ്ടായിരുന്ന എല്ലാവരും താഴേക്ക് പതിച്ചു. ഉടൻ തന്നെ അവിടെയുള്ളവരെല്ലാം ചേർന്ന് രക്ഷാപ്രവർത്തനത്തം നടത്തി.
National
ന്യൂഡൽഹി: ഉത്തർപ്രദേശ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. യോഗി ആദിത്യനാഥ് സർക്കാർ കൊളോണിയൽ കാലഘട്ടത്തിലെ മനോഭാവം പുലർത്തുന്നെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.
ജില്ലാ മജിസ്ട്രേറ്റ് (കളക്ടർ) ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാരെ സഹകരണസംഘങ്ങളുടെയും സമാന സ്ഥാപനങ്ങളുടെയും എക്സ് ഒഫീഷ്യോ അംഗങ്ങളായി നിയമിക്കുന്ന രീതിയെയാണ് കോടതി രൂക്ഷമായി വിമർശിച്ചത്. കൊളോണിയൽ കാലത്തെ രീതി പിന്തുടരുന്ന ഇത്തരം നടപടി അവസാനിപ്പിക്കാൻ രണ്ടുമാസത്തിനകം ബന്ധപ്പെട്ട വകുപ്പുകളിൽ മാറ്റംവരുത്താൻ ഉത്തർപ്രദേശ് സർക്കാരിന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിർദേശംനൽകി.
ഉത്തർപ്രദേശിലെ ഒട്ടേറെ സഹകരണ സ്ഥാപനങ്ങളുടെ പ്രസിഡന്റ് ഉൾപ്പെടെയുള്ള പദവികൾ ചീഫ് സെക്രട്ടറി, ജില്ലാമജിസ്ടേറ്റ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാർക്ക് നൽകുന്ന വ്യവസ്ഥകളാണ് നിലവിലുള്ളത്. ജനാധിപത്യ തത്ത്വങ്ങളുമായി ഒട്ടും യോജിച്ചുപോകാത്തവയാണ് ഇത്തരം വ്യവസ്ഥകൾ -കോടതി ചൂണ്ടിക്കാട്ടി.
ബുലന്ദ്ശഹറിലെ വനിതാ സ്വയംസഹായസംഘമായ സിഎം ജില്ലാ മഹിളാസമിതി നൽകിയ ഹർജിയിലാണ് വിമർശനം. സമിതിയുടെ എക്സ് ഒഫീഷ്യോ പ്രസിഡന്റായി ജില്ലാ മജിസ്ട്രേറ്റിന്റെ ഭാര്യയെ നിയമിച്ചത് ചോദ്യംചെയ്താണ് കോടതിയെ സമീപിച്ചത്.
National
ലക്നോ: ഉത്തർപ്രദേശിലെ ഫത്തേപ്പുരിൽ എസ്ഐആർ സൂപ്പർവൈസർ ആത്മഹത്യ ചെയ്തു. ക്ലാർക്കായ സുധീർ കുമാർ കോരി ആണ് ആത്മഹത്യ ചെയ്തത്. ബുധനാഴ്ച വിവാഹം നടക്കാനിരിക്കെയാണ് ജീവനൊടുക്കിയത്.
വിവാഹ ചടങ്ങുകൾ നടക്കാനിരിക്കെ ലീവ് ചോദിച്ചിട്ടും നൽകിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ കർശനമായ അന്വേഷണം നടത്തുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
ഇന്ന് എസ്ഐആർ ഡ്യൂട്ടിക്കിടെ ആത്മഹത്യക്ക് ശ്രമിച്ച ബിഎൽഓയും മരിച്ചിരുന്നു. ഉത്തർപ്രദേശ് ഗോണ്ടയിലെ അധ്യാപകൻ വിപിൻ യാദവാണ് മരിച്ചത്. ഇന്ന് രാവിലെയാണ് വിപിൻ യാദവ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
മേലുദ്യോഗസ്ഥരുടെ മാനസിക സമ്മർദം കാരണമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് മരിക്കും മുൻപ് വിപിൻ പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. ഭാര്യ ചിത്രീകരിച്ച വീഡിയോ പുറത്തുവന്നിട്ടുണ്ട്.
National
ലക്നോ: സമഗ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ജോലി സമ്മർദത്തെ തുടർന്ന് ഉത്തർപ്രദേശിൽ ബിഎൽഒ ജീവനൊടുക്കി. ഉത്തർപ്രദേശിലെ ഗോണ്ടയിലെ അധ്യാപകൻ വിപിൻ യാദവാണ് മരിച്ചത്.
എസ്ഐആർ ജോലികൾ വേഗത്തിൽ തീർക്കുന്നതിനായി അമിത സമ്മർദം ഉണ്ടായിരുന്നുവെന്ന് വിപിന്റെ ബന്ധുക്കൾ പറഞ്ഞു. വിപിൻ യാദവ് തന്നെ ഇക്കാര്യം ഒരു വീഡിയോ ആയി ചിത്രീകരിച്ച് അധികൃതർക്ക് അയച്ചുകൊടുത്തിരുന്നു.
വീഡിയോയുടെ ആധികാരികത പോലീസും മറ്റ് അധികൃതരും പരിശോധിച്ചുവരികയാണ്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് വിപിൻ മരിച്ചത്.
National
മീററ്റ്: യുപിയിൽ തലയിലെ മുറിവിന് ചികിത്സ തേടിയെത്തിയ കുട്ടിക്ക് ഫെവിക്വിക് പുരട്ടി വിട്ടതായി പരാതി. ജാഗ്രിതി വിഹാർ സർദാർ ജസ്പീന്ദർ സിംഗിന്റെ മകനാണ് ഗുരുതര കൃത്യ വിലോപം നേരിടേണ്ടി വന്നത്.
കളിക്കുന്നതിനിടെ പരിക്കേറ്റ കുട്ടിയെ ഭാഗ്യ ശ്രീ എന്ന ആശുപത്രിയിലെത്തിക്കുകയായിരുന്നു രക്ഷിതാക്കൾ. എന്നാൽ കുട്ടിയെ പരിശോധിച്ച ഡോക്ടർ ഫെവി ക്വിക് വാങ്ങി വരാൻ ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് കുട്ടിയുടെ മുറിവിൽ ഡോക്ടർ ഫെവി ക്വിക് പുരട്ടി വിടുകയായിരുന്നു. രാത്രി വേദന സഹിക്കാനാകാതെ കുട്ടി കരഞ്ഞതോടെ രക്ഷിതാക്കൾ ലോക്പ്രിയ ആശുപത്രിയിലെത്തിച്ചു. ഇവിടെ മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഫെവി ക്വിക് മുറിവിൽ നിന്ന് നീക്കിയത്.
ഇതേ തുടർന്ന് കുട്ടിയുടെ കുടുംബം പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി മീററ്റ് ചീഫ് മെഡിക്കല് ഓഫീസര് അശോക് കട്ടാരിയ അറിയിച്ചു.
National
ലക്നോ: ഉത്തർപ്രദേശിലെ കൗഷാംബിയിൽ കാളയുടെ കുത്തേറ്റ് വയോധികൻ മരിച്ചു. ജുബ്ര ഗ്രാമത്തിൽ നിന്നുള്ള ചന്ദ്രശേഖർ പാണ്ഡെ (80) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ചന്ദ്രശേഖർ പാണ്ഡെ തന്റെ വീടിന്റ മുന്നിൽ ഇരിക്കുന്ന സമയത്ത് തെരുവിലൂടെ പോയ കാള പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ് ചന്ദ്രശേഖറിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
National
ലക്നോ: ഉത്തർപ്രദേശിലെ പടക്കനിർമാണശാലയിൽ സ്ഫോടനം. അപകടത്തിൽ രണ്ടുപേർ മരിച്ചു. മൂന്ന്പേർക്ക് പരിക്കേറ്റു.
ബരാബങ്കി ജില്ലയിലെ ടികൈത്നഗർ പ്രദേശത്തെ സരായ് ബരായ് ഗ്രാമത്തിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ലക്നോവിലെ ട്രോമ സെന്ററിലേക്ക് മാറ്റി. ഫാക്ടറി പ്രവർത്തനങ്ങളിലുണ്ടായ പിഴവാണ് അപകടകാരണമെന്നാണ് പ്രാഥിക നിഗമനം.
പോലീസ് റിപ്പോർട്ട് അനുസരിച്ച്, വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് തൊഴിലാളികൾ യൂണിറ്റിനുള്ളിൽ പതിവ് ജോലിചെയ്യുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. ഫാക്ടറിയിൽ നിന്നുമുണ്ടായ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് പ്രാഥമിക രക്ഷാപ്രവർത്തനം നടത്തിയത്. അഗ്നിശമന സേനാംഗങ്ങളുടെ മണിക്കൂറുകളുടെ ശ്രമഫലമായാണ് തീ കെടുത്തിയത്.
ഫാക്ടറി അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്നും സ്ഫോടനത്തിനുശേഷം തീ ആളിക്കത്തിയതാണ് അപകട തീവ്രത വർധിക്കാൻ കാരണമായതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
രണ്ടുപേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായി സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അനുരാഗ് സിംഗ് സ്ഥിരീകരിച്ചു. പടക്കനിർമാണശാലയുടെ ലൈസൻസ് ഈ വർഷം മാർച്ചിൽ അവസാനിച്ചിരുന്നുവെന്നാണ് അന്വേഷണസംഘം നൽകുന്ന വിവരം. സ്ഫോടനത്തിൽ ഫാക്ടറി ഉടമ ഖാലിദിനും സഹോദരനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
National
ലക്നോ: ഉത്തർപ്രദേശിൽ നിരവധി കേസുകളിലെ പ്രതിയെ പോലീസ് വെടിവച്ചുകൊന്നു. ഷെഹ്ഷാദ് എന്നയാളെ മീററ്റ് പോലീസാണ് ഏറ്റുമുട്ടലിൽ വകവരുത്തിയത്.
പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പോലീസിന് നേരെ വെടിയുതിർത്തു പ്രത്യാക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ 5.30നാണ് സംഭവം.
പോലീസ് ഏറെ നാളായി അന്വേഷിച്ചുകൊണ്ടിരുന്ന കൊടുംകുറ്റവാളിയാണ് ഷാഹ്ഷാദ്. ഇയാളെ പിടികൂടുന്നവർക്ക് ഉത്തർപ്രദേശ് പോലീസ് 25,000 രൂപ പ്രതിഫലവും പ്രഖ്യാപിച്ചിരുന്നു.
പ്രതി എവിടെയുണ്ടെന്നുള്ള വിവരം ലഭിച്ചതിനെ തുടർന്ന് രാവിലെയാണ് ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചത്. ഷഹ്ഷാദിന്റെ പക്കലും തോക്കുണ്ടായിരുന്നു. ഇയാൾ ആദ്യം പോലീസിന് നേരെ വെടിവയ്ക്കുകയായിരുന്നു.
തുടർന്ന് പോലീസ് തിരികെ വെടിയുതിർത്തു. ഏറ്റുമുട്ടലിനിടയിൽ പ്രതിയുടെ നെഞ്ചിലും വെടിയേൽക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസുകളിലെ പ്രതിയായ ഷഹ്ഷാദ് ഒരു സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് വ്യക്തമാക്കുന്നു.
അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ ഇയാൾ ഏകദേശം അഞ്ചു വർഷക്കാലം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. പിന്നീട് ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷമാണ് ഇയാൾ ഏഴ് വയസുകാരിയെ പീഡിപ്പിച്ചത്.
ഇയാളുടെ പേരിൽ നിലവിൽ രണ്ട് പീഡനക്കേസുകൾക്ക് പുറമെ, മോഷണം, ഭീഷണി, പണം തട്ടിയെടുക്കൽ തുടങ്ങിയ കേസുകളും മീററ്റ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇയാളെ പിടികൂടണം എന്നാവശ്യപ്പെട്ട് മീററ്റിൽ വലിയ രീതിയിൽ ജനരോഷം ഉയർന്നിരുന്നു. ജയിലിലായ ഒരു വ്യക്തി പുറത്തിറങ്ങി വീണ്ടും അതേ കുറ്റകൃത്യം ആവർത്തിച്ചതാണ് ജനങ്ങളുടെ പ്രതിഷേധത്തിന് പ്രധാന കാരണം.
ഞായറാഴ്ച രാത്രി അതിജീവിതയായ ഏഴ് വയസുകാരിയുടെ വീട്ടിലെത്തിയ ഷഹ്സാദ്, വീട്ടുകാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയിരുന്നു. പോലീസിനെ സമീപിക്കരുതെന്നും കൊന്നു കളയും എന്നും പറഞ്ഞാണ് ഇയാൾ ഭീഷണിപ്പെടുത്തിയത്.
National
മുസാഫർനഗർ: ഭാര്യ ആൺ സുഹൃത്തിനൊപ്പം പോയതിൽ മനംനൊന്ത് ഭർത്താവ് കൈക്കുഞ്ഞ് അടക്കം നാല് മക്കളുമായി നദിയിൽ ചാടി. മുസഫർനഗറിലെ ഷാംലി ജില്ലയിലെ 38 കാരനായ സൽമാനാണ് മക്കളുമായി യമുന നദിയിൽ ചാടിയത്.
12 കാരനായ മഹക്, അഞ്ച് വയസുകാരി ഷിഫ, മൂന്ന് വയസുള്ള അമൻ, എട്ട് മാസം പ്രായമുള്ള കൈക്കുഞ്ഞ് ഇനൈഷ എന്നിവരാണ് സല്മാന്റെ മക്കള്.
ഭാര്യ പോയതിനെ കുറിച്ചും താനും മക്കളും നദിയിൽ ചാടാൻ പോകുകയാണെന്നും പറഞ്ഞ് ഒരു വീഡിയോ സൽമാൻ സഹോദരിക്ക് അയച്ചിരുന്നു. മരണത്തിന് കാരണം ഭാര്യയും കാമുകനുമാണെന്നും ഇയാൾ വീഡിയോയിൽ ആരോപിക്കുന്നുണ്ട്. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഈ വീഡിയോയുമായി സഹോദരി പോലീസിനെ സമീപിക്കുകയായിരുന്നു. പിന്നാലെ നാട്ടുകാരുടെയും മുങ്ങൽ വിദഗ്ധരുടേയും സഹായത്തോടെ പോലീസ് പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു.
പതിനഞ്ച് വർഷം മുൻപാണ് സൽമാനും കുഷ്നുമയും തമ്മിൽ വിവാഹിതരായത്. എന്നാൽ ഈ അടുത്തായി ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞദിവസം തർക്കത്തിന് പിന്നാലെ കുഷ്നുമ തന്റെ ആൺ സുഹൃത്തിനൊപ്പം ഇറങ്ങിപ്പോകുകയായിരുന്നു.
പിന്നാലെ സൽമാൻ മക്കളുമായി യമുനയ്ക്ക് കുറുകെയുള്ള പാലത്തിൽ നിന്നും ചാടുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. വിഷയത്തിൽ അന്വേഷണം നടക്കുകയാണെന്നും തിരച്ചില് തുടരുമെന്നും പോലീസ് വ്യക്തമാക്കി.